കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം: രണ്ട് കമ്പനികള്‍ക്ക് നോട്ടീസ്

കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം: രണ്ട് കമ്പനികള്‍ക്ക് നോട്ടീസ്

ദേവികുളം: കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ സിപിഎം നേതാവിന്റെ ഉടസ്ഥതയിലുള്ള കമ്പനിക്കും ചെന്നൈ കമ്പനിക്കും ദേവികളും സബ്കളക്ടര്‍ നോട്ടീസ് അയച്ചു. റോയല്‍ പ്ലാന്റേഷന്‍, ജോര്‍ജ് മൈജോ തുടങ്ങിയ കമ്പനികള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.

പെരുമ്പാവൂരിലെ സിപിഎം നേതാവ് സി.ഒ.വൈ. റജിയുടേതാണ് റോയല്‍ പ്ലാന്റേഷന്‍. റോയല്‍ പ്ലാന്റേഷന്റെ രേഖകള്‍ ജനുവരി ആദ്യവാരവും ജോര്‍ജ് മൈജോയുടെ രേഖകള്‍ ഫെബ്രുവരി ആദ്യവാരവും ഹാജരാക്കാനാണ് സബ് കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

നിയമപരമായി 62 ഏക്കറും അനധികൃതമായി 100 കണക്കിന് ഏക്കര്‍ സ്ഥലവുമാണ് ഈ മേഖലയില്‍ റോയല്‍ പ്ലാന്റേഷനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു പുറമെ, വിവാദം നിലനില്‍ക്കുന്ന ഭൂമിയില്‍ കൃഷിക്കാരുണ്ടെന്ന സിപിഎമ്മിന്റെ വാദം തള്ളുന്ന നടപടിയാണ് റവന്യു വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. 

റോയല്‍ പ്ലാന്റേഷന്‍ എന്നത് തട്ടിപ്പ് കമ്പനിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയെ അയോഗ്യമാക്കിയിരുന്നു. അംഗീകാരമില്ലാത്ത കമ്പനിയായതിനാല്‍ തന്നെ 62 ഏക്കര്‍ സ്ഥലവും കര്‍ഷകരില്‍ നിന്ന് മുക്തിയാര്‍ വഴി സ്വന്തമാക്കിയ നൂറു കണക്കിന് ഏക്കര്‍ സ്ഥലവും കണ്ടുക്കെട്ടാന്‍ റവന്യു വകുപ്പിന് സാധിക്കും. 

സമാന സ്വഭാവമുള്ള കമ്പനിയാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് മൈജോ. വലിയ തോതിലുള്ള നിക്ഷേപക തട്ടിപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് കര്‍ഷകരില്‍ നിന്ന് മുക്തിയാര്‍ മുഖേന ഏക്കറുകണക്കിന് ഭൂമി വാങ്ങിയിരിക്കുന്നത്. 

എന്നാല്‍, ഈ ഭൂമി സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തില്‍ ഭൂമി തിരിച്ചു നല്‍കാന്‍ ഒരുക്കമാണെന്ന് ജോര്‍ജ് മൈജോ റവന്യു വകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ ഭൂമി ഏറ്റെടുക്കാന്‍ റവന്യു വകുപ്പിനായിട്ടില്ല.

കൊട്ടക്കമ്പൂര്‍ മേഖലയില്‍ അനധികൃതമായി കമ്പനികള്‍ സ്വന്തമാക്കിയ ഭൂമി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് ദേവികുളം സബ് കളക്ടറിന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *