മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റി

മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റി

അവധിയില്‍ പോകാനുള്ള തീരുമാനം മന്ത്രി തോമസ് ചാണ്ടി മാറ്റി. പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റിയതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

നവംബര്‍ ആദ്യം മുതല്‍ ഒരു മാസത്തെ അവധിക്കാണു മുഖ്യമന്ത്രിയോട് അനൗദ്യോഗികമായി മന്ത്രി അനുമതി തേടിയിട്ടുള്ളതെന്നായിരുന്നു നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ അവധി അപേക്ഷ മന്ത്രി ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചിരുന്നില്ല.

അവധിയില്‍ പോകുന്നുവെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് മന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൈയിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെ തുടര്‍ന്ന് ഒരു കൈ ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കൈയ്ക്കു ശസ്ത്രക്രിയ വേണ്ടി വന്നേക്കും. അമേരിക്കയില്‍ ചികിത്സയ്ക്കു പോകുന്നതിനെ കുറിച്ചാണ് ആലോചനയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം അന്വേഷിച്ച ജില്ലാ കളക്ടര്‍ ടിവി അനുപമ ഇന്ന് സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ എതിരായ പരാമര്‍ശങ്ങളുണ്ടായേക്കാമെന്നത് മുന്‍നിര്‍ത്തിയാണ് തോമസ് ചാണ്ടി അവധിയ്ക്ക് പോകുന്നതെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി തീരുമാനം മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *