നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി: കേസിൽ ഒന്നാം പ്രതിയാക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനം ഇന്നുണ്ടാകും

നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി: കേസിൽ ഒന്നാം പ്രതിയാക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനം ഇന്നുണ്ടാകും

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. ഇന്ന് പുലർച്ചെ ആറിന് ശബരിമലയിലെത്തിയ ദിലീപ് സന്നിധാനത്ത് ദർശനം നടത്തിയ ശേഷം ക്ഷേത്രം മേൽശാന്തിയേയും കണ്ടു. മേൽശാന്തിയുമായി സംസാരിച്ചതിനു പിന്നാലെ ദിലീപ് ക്ഷേത്രത്തിൽ നിന്നും മടങ്ങുകയും ചെയ്തു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനം ഇന്നുണ്ടാകും. ഗൂഢാലോചന കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘം ഇന്ന് കൊച്ചിയിൽ യോഗം ചേരും. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് യോഗം. അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ എ സുരേശനും യോഗത്തിൽ പങ്കെടുക്കും.

നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ പഴുതടച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമം. ദിലീപിനെതിരെ പരമാവധി തെളിവുകൾ നിരത്തി ഗൂഢാലോചന തെളിയിക്കാൻ പോന്ന കുറ്റപത്രം തയ്യാറാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ബി സന്ധ്യയുടെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *