നടന്‍ അലന്‍സിയറെ കൊല്ലാനും കത്തിക്കാനും ആഹ്വാനം: സംഘ്പരിവാര്‍ അനുകൂല ഗ്രൂപ്പില്‍ വിദ്വേഷ പ്രചരണം

നടന്‍ അലന്‍സിയറെ കൊല്ലാനും കത്തിക്കാനും ആഹ്വാനം: സംഘ്പരിവാര്‍ അനുകൂല ഗ്രൂപ്പില്‍ വിദ്വേഷ പ്രചരണം

ചലച്ചിത്ര നടന്‍ അലന്‍സിയറിനെതിരെ സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വിദ്വേഷ പ്രചരണം. സംഘ് പരിവാര്‍ ഭീകരതക്കെതിരെ ഒന്നിലധികം തവണ പരസ്യമായി രംഗത്തു വന്ന അലന്‍സിയറെ വധിക്കുക, കണ്ണ് അടിച്ചു പൊട്ടിക്കുക തുടങ്ങിയ പ്രതികരണങ്ങളാണ് സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പ് ആയ ‘കാവിപ്പട’യില്‍ നിറയുന്നത്.

അലന്‍സിയറുടെ ചിത്രമടക്കം ‘ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കൈയില്‍ കിട്ടിയാല്‍ എന്തു ചെയ്യും?’ എന്ന, ശ്രുതി അശോകന്‍ എന്ന പ്രൊഫൈലില്‍ നിന്നു വന്ന പോസ്റ്റിനു കീഴെയാണ് കൊലവിളിയും അക്രമത്തിനുള്ള ആഹ്വാനവും നിറയുന്നത്.

കയ്യും കാലും വെട്ടുക, ബാക്കി വന്നാല്‍ കത്തിക്കുക, അലന്‍സിയറുടെ ലൈംഗികാവയവം ചൂഴ്‌ന്നെടുക്കുക എന്നത് ഉള്‍പ്പെടെ അക്രമാസക്തമാകുന്ന പ്രതികരണങ്ങള്‍ക്കാണ് കമന്റുകളില്‍ ഭൂരിപക്ഷം.

കേരളത്തില്‍ സിപിഎം ബിജെപിയ്‌ക്കെതിരേ അക്രമം തുടര്‍ന്നാല്‍ കണ്ണു ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി വനിതാ നേതാവ് സരോജ്പാണ്ഡേ നടത്തിയ ആഹ്വാനത്തിന്റെ പ്രതികരണം എന്ന നിലയിലാണ് അലന്‍സിയര്‍ കണ്ണുകെട്ടി തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് കണ്ണുരക്ഷാ യാത്ര നടത്തിയത്.

ചവറ പോലീസ്‌റ്റേഷനില്‍ എത്തി കണ്ണു സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായി പ്രതികരണം വന്നത്. കണ്ണു ചൂഴ്‌ന്നെടുക്കണമെന്ന സരോജ് പാണ്ഡേയുടെ പ്രസ്താവനയ്ക്ക് സിപിഎം കാരുടെ രോമത്തില്‍ പോലും ബിജെപിയ്ക്ക് തൊടാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *