ദീപാവലി ആഘോഷങ്ങളുടെ പേരിലുള്ള ധൂര്‍ത്തിനെ ന്യായീകരിച്ച് യോഗി

ദീപാവലി ആഘോഷങ്ങളുടെ പേരിലുള്ള ധൂര്‍ത്തിനെ ന്യായീകരിച്ച് യോഗി

ലക്‌നൗ: അയോധ്യയിലെ ദീപാവലി ആഘോഷങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ക്ക് എതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ വ്യക്തിപരമായ വിശ്വാസങ്ങള്‍ക്ക് എതിരഭിപ്രായം പറയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നും തനിക്ക് വ്യക്തിപരമായി ഇതില്‍ വിശ്വാസമുണ്ടെന്നും യോഗി വ്യക്തമാക്കി.

നേരത്തെ യു.പിയില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ദീപാവലി വലിയ ആഘോഷമായി കൊണ്ടാടിയിരുന്നു. ദീപാവലി ദിനത്തില്‍ ഭക്തര്‍ക്ക് വേണ്ട വിധത്തില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് താന്‍ അയോധ്യയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്ത് എല്ലായിടത്തും വികസനമെത്തിക്കുക എന്നത് തന്റെ കടമയാണ്. സംസ്ഥാനത്തിന്റെ സുരക്ഷക്കും, സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനാണ് അയോധ്യയിലെത്തിയതെന്നും അദ്ദേഹമ പറഞ്ഞു.

ആദ്യമായാണ് ദീപാവലി ആഘോഷത്തിന് ഒരു മുഖ്യമന്ത്രി അയോധ്യയിലെത്തുന്നത്. രാമജന്മഭൂമിയായ അയോധ്യയില്‍ വര്‍ണാഭമായ ചടങ്ങുകളോടെയാണ് ദീപാവലി ആഘോഷങ്ങള്‍ നടന്നത്. 1.75 ലക്ഷം ദീപങ്ങളാണ് അയോധ്യയിലെ സരയൂ നദിക്കരയില്‍ തെളിച്ചത്.

രാവണനെ വധിച്ച് തിരികെ പുഷ്പക വിമാനത്തിലെത്തിയ രാമനേയും സീതയേയും ലക്ഷ്മണനയേും രാജ്യം സ്വീകരിച്ചതിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ദീപാവലി ആഘോഷത്തില്‍ രാമനും സീതയും ലക്ഷ്മണനും എത്തിയതും അക്ഷരാര്‍ത്ഥത്തില്‍ വിമാനത്തിലായിരുന്നു.

സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ രാമ ലക്ഷ്മണന്മാരുടേയും സീതയുടെയും വേഷം ധരിച്ച കലാകാരന്മാരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാലയിട്ടാണ് സ്വീകരിച്ചത്. യു.പി ടൂറിസം മന്ത്രി റീത്താ ബഹുഗുണ ജോഷി, സംസ്ഥാന ഗവര്‍ണര്‍ റാം നായിക്ക് എന്നിവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

അതേസമയം, കാലങ്ങളായി തര്‍ക്കം തുടരുന്ന അയോധ്യയില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി നടത്തിയത് ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ദീപാവലി ആഘോഷത്തില്‍ ഗിന്നസ് റെക്കോഡിടുമെന്ന് നേരത്തെ യോഗി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ദീപാവലി ആഘോഷങ്ങളുടെ പേരില്‍ അയോധ്യയില്‍ നടന്നത് വന്‍ ദൂര്‍ത്താണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *