ദിലീപിന് കുരുക്കിട്ടത് റിമി ടോമിയുടെ രഹസ്യ മൊഴി?: വ്യാജ ചികിത്സാ രേഖ കൂടി പുറത്തായതോടെ വീണ്ടും അഴിയെണ്ണേണ്ടി വരുമെന്ന ഭയത്തില്‍ താരം

ദിലീപിന് കുരുക്കിട്ടത് റിമി ടോമിയുടെ രഹസ്യ മൊഴി?: വ്യാജ ചികിത്സാ രേഖ കൂടി പുറത്തായതോടെ വീണ്ടും അഴിയെണ്ണേണ്ടി വരുമെന്ന ഭയത്തില്‍ താരം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ കുരുക്ക് മുറുകുന്നു. കേസില്‍ പള്‍സര്‍ സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവരുള്‍പ്പെടെ നാലുപേരുടെ രഹസ്യമൊഴികളാണ് ദിലീപിന് തിരിച്ചടിയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മിലെ വൈരാഗ്യം വ്യക്തമാക്കാനാണ് റിമി ടോമിയുടെ മൊഴി രേഖപ്പെടുത്തിയത്.

ദിലീപുമായി അടുത്ത ബന്ധം പള്‍സറിനുണ്ടെന്ന് അമ്മയും വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടരന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ തടസ്സമില്ലെന്ന് അന്വേഷണസംഘത്തിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

ഹീനകൃത്യത്തിനുള്ള ക്വട്ടേഷന്‍ ദിലീപിന്റേതാണെന്ന് സ്ഥാപിക്കാനാണ് പോലീസിന്റെ ശ്രമം. നേരിയ സൂചനകള്‍പോലും പുറത്തുപോകരുതെന്ന നിര്‍ബന്ധത്തിലാണ് അന്വേഷണസംഘം. കുറ്റപത്രം സമര്‍പ്പിച്ചാലും വിലപ്പെട്ട രേഖകള്‍ പ്രതിഭാഗത്തിനു നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കിട്ടാത്തതിനാല്‍ ഇക്കാര്യം കോടതിയെ അറിയിക്കും. ഫെബ്രുവരി 17നാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പ്രത്യേക കോടതിയെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിക്കും

കൂട്ടബലാത്സംഗം, ഗൂഡാലോചന, തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍, തെളിവുനശിപ്പിക്കല്‍, ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങി സുനിയുടെ പേരില്‍ ചുമത്തിയിട്ടുള കുറ്റങ്ങളെല്ലാം ദിലീപിലും ചുമത്തിയേക്കും. എല്ലാവരുടേയും മൊഴികള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ആകെ 11 പ്രതികളുള്ള കുറ്റപത്രത്തില്‍ 26 രഹസ്യമൊഴികളാണുള്ളത്.

ഇതിനിടയിലാണ് ദിലീപിനെതിരെ പുതിയ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന ദിവസമായ ഫെബ്രുവരി 17 മുതല്‍ 21 വരെ താന്‍ അസുഖം ബാധിച്ച് ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നെന്നാണ് ദീലീപ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

എന്നാല്‍ ദിലീപ് അവിടെ ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 17 ന് ആശുപത്രിയില്‍ പ്രവേശിച്ച ശേഷം ദിലീപ് ഷൂട്ടിംഗിന് പോയെന്ന് കണ്ടെത്തി. ദിലീപിനെ പരിചരിച്ച നഴ്‌സ് അവധിയിലായ ദിവസവും വ്യാജപരിശോധനാ കുറിപ്പെഴുതി.

ഷുഗര്‍ പരിശോധിച്ചെന്നും പനി പരിശോധിച്ചെന്നും രേഖപ്പെടുത്തി. ദിലീപിന്റെ അസുഖവിവരം സംബന്ധിച്ച റിപ്പോര്‍ട്ട് എഴുതിയ നഴ്‌സ് ദിലീപ് ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ദിവസം അവധിയിലായിരുന്നു എന്നും ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങിനെ ചെയ്തതെന്നും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്.

ഇവരുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നഴ്‌സിനെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സംഭവവുമായി തനിക്ക് ഒരു ബന്ധവുമില്ല എന്ന് വരുത്താന്‍ താന്‍ ആശുപത്രിലായിരുന്നു എന്ന് സ്ഥാപിക്കുന്ന രീതിയില്‍ ദിലീപ് വ്യാജരേഖ ചമച്ചതായി കണ്ടെത്തിയത്.

ഇതോടെ വ്യാജരേഖ ചമച്ചു എന്ന പുതിയൊരു കേസ് ദിലീപിന് പുതിയ കുരുക്കായി മാറുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യാജരേഖയുണ്ടാക്കാന്‍ ദിലീപിനെ സഹായിച്ച ഡോക്ടറും അറസ്റ്റിലാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *