ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് കുവൈത്ത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് കുവൈത്ത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് കുവൈത്ത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കുവൈത്തിലെ അല്‍ ദുര്‍റ കമ്പനിയും മറ്റു ഏജന്‍സികളുമാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചത്. റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കായി ഇന്ത്യയിലെത്തിയ കമ്പനി പ്രതിനിധികളും ഇന്ത്യന്‍ ഏജന്‍സികളും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടതാണ് നടപടിയ്ക്ക് കാരണം.

ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക ജോലിക്കാരെ കൊണ്ട് വരില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കുറഞ്ഞ ചെലവില്‍ വീട്ടുജോലിക്കാരെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് സര്‍ക്കാര്‍ രൂപം നല്‍കിയ അല്‍ ദുര്‍റ റിക്രൂട്ടിങ് കമ്പനി കഴിഞ്ഞ മാസം മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്.

റിക്രൂട്ടിംഗിനായി അല്‍ ദുര്‍റ കമ്പനിയുടെ പ്രതിനിധികള്‍ ഇന്ത്യയിലേക്ക് തിരിച്ചെങ്കിലും ഇന്ത്യയിലെ ഏജന്‍സികള്‍ കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെ നടപടികള്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അല്‍ ദുര്‍റ കമ്പനിയും ഇന്ത്യന്‍ അധികൃതരും ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

എന്നാല്‍ വനിതകളെ ഗാര്‍ഹികത്തൊഴിലിന് വിദേശത്തേക്ക് അയക്കുന്നതിനോട് ഇന്ത്യ ഗവണ്മെന്റിന് അനുകൂലമല്ലാത്ത നിലപാടാണുള്ളത്. ഇത് മൂലം ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നാണ് സൂചന. ഗാര്‍ഹികത്തൊഴിലാളി വനിതകളുടെ സംരക്ഷണം സംബന്ധിച്ചു വ്യക്തമായ നിലപാട് ഉണ്ടാകുന്നതുവരെ കൂടുതല്‍പേരെ ഈ മേഖലയില്‍ തൊഴിലിനായി അയക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യയില്‍ നിന്നുള്ള വനിതകള്‍ക്കു ഗാര്‍ഹികത്തൊഴില്‍ വിസ നല്‍കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ഇന്ത്യന്‍ എംബസി കുവൈത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ കുവൈത്ത് വിദേശകാര്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ ഈ കാര്യം അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഗാര്‍ഹികത്തൊഴിലാളികള്‍ക്കു ബാങ്ക് ഗ്യാരണ്ടി നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി നിലച്ച റിക്രൂട്ട്‌മെന്റ് കഴിഞ്ഞ മാസമാണ് പുനരാരംഭിച്ചത്. എംബസ്സി ബാങ്ക് ഗ്യാരന്റി നിബന്ധന പിന്‍വലിച്ചതോടെയാണ് ഇന്ത്യയില്‍നിന്നുള്ള ഗാര്‍ഹികത്തൊഴിലാളികള്‍ക്കു കുവൈത്തിലേക്ക് വീണ്ടും വീസ അനുവദിച്ചു തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *