ഇനി രാഹുല്‍ യുഗം: നരേന്ദ്ര മോദിയെ കടത്തിവെട്ടി സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ഗാന്ധി ഒന്നാമത്; ജനസ്വീകാര്യത ഏറിയതായി വിലയിരുത്തല്‍

ഇനി രാഹുല്‍ യുഗം: നരേന്ദ്ര മോദിയെ കടത്തിവെട്ടി സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ഗാന്ധി ഒന്നാമത്; ജനസ്വീകാര്യത ഏറിയതായി വിലയിരുത്തല്‍

ന്യൂഡല്‍ഹി: ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടത്തിവെട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുന്നേറുന്നതായി റിപ്പോര്‍ട്ട്. വൈകി ട്വിറ്ററിലെത്തിയെങ്കിലും രാഹുല്‍ ഗാന്ധി പഞ്ച് ഡയലോഗുകളുമായി ആരാധകരെ കയ്യിലെടുത്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് രാഹുലിന്റെ ട്വിറ്റര്‍ ജനപ്രീതി പരിശോധിച്ച് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

അടുത്തകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാളും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേക്കാളും റിറ്റ്വീറ്റ് ചെയ്യപ്പെട്ടത് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകളാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വിറ്ററില്‍ പിന്തുടരുന്ന രണ്ട് പേരാണ് മോദിയും കെജ്രിവാളും. ഇവരെ കടത്തിവെട്ടിയതോടെ രാഷ്ട്രീയ നേതാക്കളില്‍ രാഹുലിന്റെ സമ്മതി ഉയര്‍ന്നുവെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

പ്രതികരണങ്ങളിലും ഈ നിമിഷത്തെ ഏറ്റവും ചൂടേറിയ വിഷയങ്ങളില്‍ സംസാരിക്കുന്നതിലും കൂടുതല്‍ ആളുകളുടെ പങ്കാളിത്തം ഓണ്‍ലൈനില്‍ ഉറപ്പിക്കുന്നതിലും തങ്ങള്‍ വേഗത കൈവരിച്ചുവെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദന പറയുന്നു. ജൂലൈമുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയം കൊണ്ട് രാഹുലിന് 10 ലക്ഷം അനുഗാമികള്‍ വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍.

വാഷിംഗ്ടണില്‍ വെച്ച് ട്രംപിനെ ആലിംഗനം ചെയ്ത് മോദി തിരിച്ചെത്തിയ ഉടനെയായിരുന്നു പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ പോസ്റ്റ്. ഉടനെ വന്നു രാഹുലിന്റെ ട്വീറ്റ് മോദി ജി വേഗമാവട്ടെ, പ്രസിഡന്റ് ട്രംപിനെ ഒന്നു കൂടെ കെട്ടിപ്പിടിക്കൂ എന്ന്. മോദി ട്രംപിനെ കെട്ടിപ്പിടിക്കുന്ന ചിത്രം അടക്കം പോസ്റ്റ് ചെയ്തുകൊണ്ടുള്ള ആ ട്വീറ്റ് തരംഗമായി. ഒക്ടോബര്‍ 15 ന് വന്ന ആ റ്റ്വീറ്റ് 19,700 തവണയാണ് റിറ്റ്വീറ്റ് ചെയ്യപ്പെട്ടത്.

2015 മുതല്‍ ഇതുവരെയുള്ള കാലത്ത് ട്വിറ്ററിലെ യുദ്ധക്കളത്തിന് വലിയ മാറ്റം വന്നിട്ടുണ്ട്. 2015 ന്റെ ആദ്യപാദം കെജ്രിവാളിന്റേതായിരുന്നു, ആം ആദ്മി പാര്‍ട്ടി ദില്ലി നിയസഭാതെരഞ്ഞെടുപ്പില്‍ വിജയിച്ച കാലവും അതായിരുന്നു. കെജ്രിവാളിന്റെ ട്വീറ്റുകള്‍ക്ക് ശരാശരി 1, 665 റിറ്റ്വീറ്റുകള്‍ ലഭിച്ചിരുന്നു.

മോദിക്ക് ആവട്ടെ ശരാശരി 1,342 ഉം. അടുത്ത ഊഴം മോദിയുടേതായിരുന്നു. കെജ്രിവാളിനെ പിന്നിലാക്കി മോദി കുതിച്ചു, അത് രാഗൃഹുല്‍ ഗാന്ധി തന്റെ ആദ്യ ട്വീറ്റ് ഇട്ട് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു. 2015 മെയ്‌ലാണ് രാഹുല്‍ ആദ്യ റ്റ്വീറ്റ് ഇട്ടത്. പക്ഷേ പിന്നാലെ വന്ന വേനല്‍ക്കാലത്തോടെ രാഹുലും കുതിച്ചെങ്കിലും മോദി ഏറെ മുന്നിലായിരുന്നു. ഈ സെപ്റ്റംബറിലാണ് രാഹുല്‍ മോദിയെ കടത്തിവെട്ടിയത്.

മോദിയുടെ റിട്വീറ്റ് ശരാശരി 2,506 ആണെങ്കില്‍ രാഹുലിന് 2, 784 ആയി മാറി. കെജ്രിവാളിന് 1,722 ഉം. ഒക്ടോബര്‍ മധ്യത്തോടെ രാഹുലിന്റ റിറ്റ്വീറ്റ് ശരാശരി 3,812 ആയി ഉയര്‍ന്നു. 2015 ന് ശേഷം മോദി ഏറ്റവും പ്രകടനം നടത്തിയ രണ്ട് മാസങ്ങളിലേതിനൊപ്പം രാഹുല്‍ എത്തുകയും ചെയ്തു.

തമിഴ് ചലച്ചിത്ര താരം കൂടിയായ ദിവ്യാ സ്പന്ദനയാണ് രാഹുലിന്റെ സോഷ്യല്‍ മീഡിയാ വിജയത്തിന്റെ പിന്നില്‍. പാര്‍ട്ടിയിലെ സാധാരണ അണികളിലേക്കു പോലും ഇറങ്ങി ചെല്ലും വിധമുള്ള സന്ദേശങ്ങള്‍ ചമയ്ക്കാന്‍ രാഹുലിനെ പരിശീലിപ്പിച്ചെടുക്കുകയായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ റ്റ്വിറ്റര്‍ കുതിപ്പിനെ ബിജെപി തള്ളിക്കളയുകയാണ്. അതേസമയം രാഹുലിന്റെയും മോദിയുടെയും റ്റ്വീറ്റുകള്‍ വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് റീറ്റ്വീറ്റ് ചെയ്യപ്പെടുന്നതെന്നാണ് ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *